വായന: ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍

രണ്ടായിരത്തി ഇരുപത്തിയൊന്ന് പിറന്നിട്ട് ആദ്യം വായിച്ച പുസ്തകമാണ് ഡോ.ഉമാദത്തൻ രചിച്ച “ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ”. ഒരു സുഹൃത്ത്, അദ്ദേഹം വായിച്ച മികച്ച പുസ്തകങ്ങളേക്കുറിച്ച് എഴുതിയ ഒരു കുറിപ്പാണ് ഈ പുസ്തകം വായനയ്ക്ക് തിരഞ്ഞെടുക്കുവാൻ എന്നെ പ്രചോദിപ്പിച്ചത്. മലയാള പുസ്തകങ്ങൾ ആമസോൺ കിൻഡിലിൽ കിട്ടിത്തുടങ്ങിയതോടെ വായന ഏതാണ്ട് പൂർണ്ണമായും അതിലേക്ക് മാറ്റിയിരുന്നു. പുസ്തകത്തിന്റെ സാമ്പിൾ വായിച്ചു ഇഷ്ടമായതോടെ അടുത്ത വായന ഇതായിരിക്കണമെന്നു തീരുമാനിച്ച് ഒരു കോപ്പി (ഡിജിറ്റൽ) അപ്പോൾ തന്നെ വാങ്ങി വച്ചു. എന്നാൽ ആദ്യ അധ്യായങ്ങൾ സൃഷ്ടിച്ച ആകാംക്ഷ മൂലം വായിച്ചു കൊണ്ടിരുന്ന പുസ്തകം മാറ്റി വച്ച് രണ്ടു ദിവസം കൊണ്ട് വായിച്ച പുസ്തകമാണ് ഇത്.

രസകരമായ രീതിയിൽ , എന്നാൽ ഗൗരവം ചോരാതെ തന്റെ അനുഭവങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ഗ്രന്ഥകർത്താവ് വിജയിച്ചുവെന്നാണ് എന്റെ അഭിപ്രായം. ഇതിൽ വിവരിച്ചിരിക്കുന്ന ഒരനുഭവം വർഷങ്ങൾക്കു മുൻപ് എന്റെ നാട്ടിൽ സംഭവിച്ചതാണ്. അതിന്റെ സത്യാവസ്ഥയും എങ്ങനെ ആ കേസ് ശാസ്ത്രീയമായി തെളിയിച്ചു എന്നും അറിയാൻ സാധിച്ചു.

ഡിജിറ്റൽ പതിപ്പിൽ അക്ഷരപ്പിശക് ഏറെയുണ്ടായിരുന്നത് സുഗമമായ വായനയ്ക്ക് തടസ്സമായി. ഗ്രന്ഥകാരന്റെ പ്രശ്നമല്ലെങ്കിലും പലയിടത്തും എന്താണുദ്ദേശിച്ചതെന്ന് മനസ്സിലാക്കുവാൻ സമയമെടുത്തു. ഈ പോരായ്മകൾ ഒഴിവാക്കിയാൽ, മികച്ച വായനാനുഭവം!