ലണ്ടനിലേക്ക് ഒരു റോഡ് യാത്ര

books

To all non-malayalam readers, this is a short review of award-winning book “Londonilekku oru Road Yathra“, written by Baiju N Nair. In this travelogue, the author shares the details of his epic journey to London from Kochi (Kerala, India) by Road in 72 days, visiting 27 countries.

റോഡ് യാത്രകളെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം എന്ന മുഖവുരയോടെയാണ് എന്റെ സുഹൃത്ത് ശ്രീമാൻ അശ്വിൻ ‘ലണ്ടനിലേക്ക് ഒരു റോഡ് യാത്ര‘യെ പരിചയപ്പെടുത്തിയത്. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി എന്നതും, ഗ്രന്ഥകർത്താവ് ബൈജു എൻ നായരാണ് എന്നതും (യൂട്യൂബിൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ഏക മലയാളം ചാനലാണ് ഇദ്ദേഹത്തിന്റേത്!) ഈ പുസ്തകം ഉടനെതന്നെ വാങ്ങി വായിക്കാൻ എന്നെ പ്രേരിപ്പിച്ചു.

സരസവും ലളിതവുമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു യാത്രാവിവരണമാണ് ഇത്. ഈ യാത്രയിലെ മൂന്ന് മനുഷ്യരേക്കാൾ പ്രാധാന്യം നൽകിയിരിക്കുന്നത് നാലാമത്തെ യാത്രികനായ ഫോർഡ് എൻഡവർ കാറിനാണെന്ന് എനിക്ക് തോന്നുന്നു. അത്രയധികം തവണ തങ്ങൾ സഞ്ചരിക്കുന്ന കാറിനേക്കുറിച്ച് അദ്ദേഹം ഇതിൽ എഴുതിയിട്ടുണ്ട്; ഒരു പക്ഷെ അദ്ദേഹത്തിന്റെ വാഹനപ്രേമമാകാം മൂലകാരണം.

സഞ്ചരിച്ച സ്ഥലങ്ങളുടെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വിവരണങ്ങൾ ഒട്ടേറെ പുതിയ അറിവുകൾ നമുക്ക് നല്കുന്നു. ഉദാഹരണത്തിന്, ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ടർപ്പൻ എന്ന സ്ഥലത്തെ കരേസ എന്നറിയപ്പെടുന്ന പുരാതനമായ ജലവിതരണ ശൃംഖലകളെക്കുറിച്ച് ഞാൻ ആദ്യമായി അറിഞ്ഞത് ഈ പുസ്തകത്തിലൂടെയാണ്. ഇത്തരത്തിൽ അദ്ദേഹം പ്രതിപാദിച്ചിട്ടുള്ള പല കാര്യങ്ങളേക്കുറിച്ചും കൂടുതൽ വായിച്ചറിയുന്നതിന് ഞാൻ കുറിപ്പുകൾ സൂക്ഷിച്ചിട്ടുണ്ട്!

മൂന്നുപേരൊന്നിച്ച് ആരംഭിച്ച യാത്ര ഇടക്ക് ഒരാളിലേക്ക് ചുരുങ്ങിയതും അതിന്റെ കാരണവും എന്നെ അദ്ഭുതപ്പെടുത്തി. ഈ പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോൾ എനിക്ക് വല്ലാത്ത നിരാശയാണുണ്ടായത്. അത് പുസ്തകത്തിന്റെ പ്രശ്നമല്ല, മറിച്ച് കേരളത്തിലെയോ ഭാരതത്തിലേയോ സ്ഥലങ്ങൾപോലും ഞാൻ കണ്ടിട്ടില്ല എന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിഞ്ഞതിലുള്ള നിരാശയാണ്. പ്രസിദ്ധമായ മട്ടാഞ്ചേരിയിലെ ജൂതത്തെരുവ് എറണാകുളം സ്വദേശിയായ ഞാൻ ഇതുവരെ സന്ദർശിച്ചിട്ടില്ല എന്നതാണ് സത്യം. എങ്കിലും പുസ്തകം വായിച്ചുതീർന്നപ്പോൾ ഒന്നു ലണ്ടൻ വരെ യാത്ര ചെയ്ത പ്രതീതി എനിക്കും.