കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് ശിവനസമുദ്ര. ബെംഗളുരുവിൽ നിന്ന് ഏകദേശം നൂറ്റിയമ്പത് കിലോമീറ്റർ ദൂരമുള്ള ഈ വിനോദസഞ്ചാരകേന്ദ്രത്തിന്റെ പ്രധാന ആകർഷണം ബാരച്ചുക്കി, ഗഗനചുക്കി വെള്ളച്ചാട്ടങ്ങളാണ്.

പുതിയ ക്യാമറ കൈയ്യിൽ കിട്ടിയപ്പോൾ മുതൽ ഒരു യാത്ര ആഗ്രഹിച്ചിരുന്നു - വെള്ളച്ചാട്ടം ഷൂട്ട് ചെയ്യണം. ബെംഗളുരുവിൽ നിന്ന് ഒരു ദിവസത്തിൽ പോയി തിരിച്ചെത്താവുന്ന സ്ഥലങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് ശിവനസമുദ്രയെപ്പറ്റി അറിയുന്നത്. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് ശിവനസമുദ്ര. ബെംഗളുരുവിൽ നിന്ന് ഏകദേശം നൂറ്റിയമ്പത് കിലോമീറ്റർ ദൂരമുള്ള ഈ വിനോദസഞ്ചാരകേന്ദ്രത്തിന്റെ പ്രധാന ആകർഷണം ബാരച്ചുക്കി, ഗഗനചുക്കി വെള്ളച്ചാട്ടങ്ങളാണ്.

നവംബർ 24നു രാവിലെ ഏഴുമണിക്ക് എന്റെ സുഹൃത്തുക്കളായ അശ്വിൻ, ഫയാസ് എന്നിവരോടൊപ്പം ഞാൻ ശിവനസമുദ്രയിലേക്ക് തിരിച്ചു. അശ്വിനും ഫോട്ടൊഗ്രാഫിയിൽ ഭ്രമമുള്ളയാളാണ് - ഗൂഗിൾ പിക്സൽ ഫോണിൽ മൊമെന്റ് ലെൻസ് ഘടിപ്പിച്ചാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഫോട്ടൊയെടുപ്പ്!. ശനിയാഴ്ച രാവിലെ ഉറങ്ങിക്കിടന്ന ഫയാസിനെ "ഛന്നപട്ന" എന്ന സ്ഥലം കാണാൻ പോകാമെന്ന് പറഞ്ഞാണ് കൂടെ കൂട്ടിയത് - ഉച്ചയ്ക്ക് മുൻപ് തിരിച്ചെത്താം എന്ന് ഒരുറപ്പുമില്ലാത്തയൊരു വാഗ്ദാനം കൂടി ഞങ്ങൾ നൽകി.

ശിവനസമുദ്ര ഛന്നപട്നയിൽ നിന്നും നാല്പത് കിലോമീറ്റർ കൂടിയുണ്ട്. ഛന്നപട്ന കളിക്കോപ്പുകളുടെ പട്ടണം (Town of Toys) എന്നറിയപ്പെടുന്നു. ഇവിടെയുള്ള ചെറുതും വലുതുമായ വ്യവസായസംരഭങ്ങൾ ഉല്പാദിപ്പിക്കുന്ന പാരമ്പര്യരീതിയിലുള്ള കളിക്കോപ്പുകൾ വളരെ പ്രശസ്തമാണ്.

ഡെക്കാൻ പീഠഭൂമിയിലൂടെ ഒഴുകിയെത്തുന്ന കാവേരി നദി താഴ്ചയിലേക്ക് പതിക്കുന്നത് ശിവനസമുദ്രയിലാണ് - ഈ വെള്ളച്ചാട്ടങ്ങളിൽ കാവേരിനദി രണ്ടായി പിരിയുന്നു. ശിവനസമുദ്രയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികളെ എതിരേൽക്കുന്നത് ഒരു ചെറുഡാമാണ് - മൈസൂർ ദിവാൻ കമ്മീഷൻ ചെയ്ത ഈ ജലവൈദ്യുതപദ്ധതി ഇന്ത്യയിലെ രണ്ടാമത്തേതാണ്. ആദ്യകാലങ്ങളിൽ കോളാറിലെ സ്വർണഖനികൾക്കുവേണ്ടിയാണ് ഈ പദ്ധതി ഉപയോഗിച്ചത്.

Remnants of a bridge

ശിവനസമുദ്ര സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം മഴക്കാലമാണ്. ഞങ്ങൾ പോയത് നവംബറിലായതുകൊണ്ട് വെള്ളം കുറവായിരുന്നു, ചൂട് കൂടുതലും. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം (മുകളിൽ കൊടുത്തിരിക്കുന്ന കരിങ്കൽപ്പാലം) ലഭിച്ചത് വെള്ളം കുറവായതിനാലാണ്.