മൂന്നാറിന്റെ പ്രകൃതിഭംഗി വർണനകൾക്കതീതമാണ്. നീലക്കുറിഞ്ഞി പൂക്കുന്ന മലനിരകൾ, ഇരവികുളം വന്യജീവി സങ്കേതം, തേയിലത്തോട്ടങ്ങൾ തുടങ്ങിയവകൊണ്ട് സുന്ദരമായ ഹിൽസ്റ്റേഷൻ. എന്നാൽ ഇത്തവണ മൂന്നാറിലേക്ക് സഞ്ചാരികൾ എത്തിയത് പതിവിലും കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും കാണുവാനാണ്.

ഡിസംബർ മാസത്തിൽ മഞ്ഞ് മൂടിക്കിടക്കുന്ന മൂന്നാറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ കണ്ട് ഒരു ഫോട്ടോഗ്രഫി ട്രിപ്പ് പോകുന്നതിനേക്കുറിച്ച് ഞാൻ ആലോചനയാരംഭിച്ചു. കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മൂന്നാറിലെ ടോപ്പ് സ്റ്റേഷനിൽ നിന്നും സൂര്യോദയം ഷൂട്ട് ചെയ്യണം എന്നാണ് ആഗ്രഹം!

ജനുവരി മാസത്തിലെ ആദ്യവാരം മൂന്നാറിൽ  പോയ പലരും മഞ്ഞ് കാണാതെ നിരാശരായി മടങ്ങിയെന്നറിഞ്ഞു. ഡിസംബറിൽ തുടങ്ങിയ എന്റെ ആലോചനയാണെങ്കിൽ  ജനുവരി പകുതിയിലെത്തിയിട്ടും പല കാരണങ്ങൾ കൊണ്ടും നടപ്പാകുന്ന ലക്ഷണം കാണുന്നുമില്ല. അങ്ങനെയിരിക്കെ 12-ആം തീയതി ബെംഗളുരുവിൽ നിന്നും രണ്ട് ദിവസത്തെ അവധിക്കു  വീട്ടിലെത്തിയ ഞാൻ കസിൻസിനോടൊപ്പം രാത്രി മുന്നാറിലേക്ക് പോകാൻ തീരുമാനിച്ചു. പെട്ടെന്നുള്ള തീരുമാനമായിരുന്നതുകൊണ്ട് താമസിക്കാനുള്ള സൗകര്യങ്ങളൊന്നും അന്വേഷിച്ചിരുന്നില്ല. "സൂര്യോദയം, മഞ്ഞ്” - ഇതു രണ്ടും മാത്രമായിരുന്നു മനസ്സിൽ.

രാത്രി ഒൻപതുമണിക്ക് ഞങ്ങൾ വീട്ടിൽ നിന്നും യാത്ര തിരിച്ചു. പിറ്റേന്ന് രാവിലെ ഒൻപതുമണിക്ക് തിരിച്ച് വീട്ടിലെത്തിക്കാം എന്ന ഉറപ്പിലാണ് കസിൻസ് രണ്ടുപേരും കൂടെ പുറപ്പെട്ടത്. ക്യാമറ, ട്രൈപ്പോഡ്, തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ, ഒരു കുപ്പി വെള്ളം പിന്നെ അത്യാവശ്യം ചിലവിനുള്ള കാശും - ഇത്രമാത്രമായിരുന്നു കയ്യിൽ കരുതിയത്. അഞ്ചുമണിക്ക് മുൻപ് ടോപ്പ് സ്റ്റേഷനിൽ എത്തിച്ചേരണം എന്നായിരുന്നു തീരുമാനം.

രാത്രിയാത്ര, ബെംഗളുരു യാത്രയുടെ ക്ഷീണം തുടങ്ങിയ കാരണങ്ങൾ പരിഗണിച്ച് വേഗത കുറച്ചാണ് ഞാൻ ഡ്രൈവ് ചെയ്തത്. പുലർച്ചെ ഒന്നരയോടെ മൂന്നാറിൽ എത്തിച്ചേർന്ന ഞങ്ങളെ വരവേറ്റത് മഞ്ഞോ തണുപ്പോ ആയിരുന്നില്ല, മറിച്ച് ആകാശത്ത് നിറഞ്ഞുനിന്ന നക്ഷത്രങ്ങളായിരുന്നു. മൂന്നാർ ടൗണിൽ നിന്നും ഏതാണ്ട് മുപ്പത് കിലോമീറ്ററൊളം ദൂരെയാണ് ടോപ്പ് സ്റ്റേഷൻ. സൂര്യോദയത്തിനു മുൻപ് അവിടെയെത്തണമെന്നുള്ളതുകൊണ്ട് ഞങ്ങൾ മുന്നോട്ട് പോയി. മൂന്നാർ ടൗൺ പിന്നിട്ട് കുറച്ച് ദൂരം കഴിഞ്ഞപ്പോൾ ഒരുയർന്ന പ്രദേശത്തെ തേയിലത്തോട്ടങ്ങളുടെ അരികിൽ കാർ നിർത്തി. ഇവിടെയായിരുന്നു ഒരു മണിക്കൂറോളം ചിലവഴിച്ച ആദ്യ ഫോട്ടോഷൂട്ട് — തെളിഞ്ഞ ആകാശത്ത് നിറഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങൾ!

DSC01006
ദൂരെ കാണുന്ന വെളിച്ചം മൂന്നാർ ടൗണിന്റേതായിരിക്കണം.
DSC01005
ഇതിലെ ചുവപ്പ് നിറം എന്റെ കാറിന്റെ പിൻവെളിച്ചമാണ്.

ഏകദേശം നാലുമണിയോടെ ഞങ്ങൾ ടോപ്പ് സ്റ്റേഷനിൽ എത്തിച്ചേർന്നു. ഇനിയുള്ളത് എന്റെ ചിത്രങ്ങളിലൂടെ:

DSC01036
ടോപ്പ്സ്റ്റേഷനിൽ നിന്നുള്ള സൂര്യോദയദൃശ്യം
DSC01096
ഉദയകിരണങ്ങളാൽ ചുവന്ന സഹ്യാദ്രി
DSC01097

ഏഴുമണിക്ക് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു; യാതൊരുവിധ തിരക്കുകളുമില്ലാതെ ഒരിക്കൽക്കൂടി മൂന്നാറിൽ എത്തണം എന്ന തീരുമാനത്തോടെ.